കേരളം മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മനം കവര്‍ന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് പിന്തുണ തേടി കേരളത്തിലെത്തിയപ്പോള്‍ ലഭിച്ച ആരാധകരുടെയും നേതാക്കളുടെയും പിന്തുണയും ഉല്‍സാഹവും വിസ്മയിപ്പിച്ചുവെന്ന് സച്ചിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിന്റെ ഫുട്ബോള്‍ ഭ്രമം അനുപമമാണെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കൂടുതല്‍ ആഘോഷത്തിന് വകനല്‍കുന്നതാകുമെന്ന് ഉറപ്പുണ്ടെന്നും സച്ചിന്‍ എഴുതി. ഒരു ലക്ഷത്തിലേറെപ്പേരാണ് സച്ചിന്റെ കേരള കമന്റുകളെ ‘ലൈക്കിയത്’.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനൊപ്പം നില്‍ക്കുന്ന പടവും സച്ചിന്‍ പോസ്റ്റ് ചെയ്തിരുന്നു. കൊച്ചി ടീമിനെ ഏറ്റെടുത്തു കേരളത്തിന്റെ ഫുട്ബോള്‍ സ്വപ്നങ്ങളെ ഉയരങ്ങളിലെത്തിക്കാന്‍ താല്‍പര്യം കാണിച്ചതിന് നന്ദി പറഞ്ഞുകൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സച്ചിനു കത്തയച്ചു. കേരളത്തില്‍ നടക്കുന്ന നാഷനല്‍ ഗെയിംസിന്റെ അംബാസഡര്‍ ആകാമെന്നു സമ്മതിച്ചത് സന്തോഷത്തോടെയാണെന്നും സച്ചിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.