മകന്റെ പ്രണയം കാരണം അപമാനം രൂക്ഷമാണെന്നും മരിക്കുകയല്ലാതെ വേറെ മാര്‍ഗവുമില്ലെന്ന ഗ്രഹനാഥന്റെ തീരുമാനത്തെ പിന്തുണച്ച് ഭാര്യയേയും ഇരട്ട പെണ്‍ മക്കളും - പാലക്കാട്ടെ കൂട്ട ആത്മഹത്യയ്‌ക്ക് പിന്നിലെ ചുരുള്‍ അഴിയുമ്പോള്‍
പാലക്കാട്ട് ഒരു കുടുംബത്തിലെ നാലു പേര്‍ ആത്മഹത്യ ചെയ്‌തതിന് കാരണം കുടുംബ പ്രശ്‌നങ്ങളാണെന്ന് പൊലീസ്. മകന്റെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് മാത്തുര്‍ നെല്ലിയം പറമ്പ് ബാലകൃഷ്‌ണന്‍, ഭാര്യ രാധാമണി, ഇരട്ടമക്കളായ ദൃശ്യ, ദര്‍ശന എന്നിവരുടെ ആത്മഹത്യയ്‌ക്ക് വഴിവച്ചത്.
ബാലകൃഷ്‌ണന്റെ മകനായ ദ്വിഗ് രാജ് വിദേശത്താണ് ജോലി ചെയ്‌തിരുന്നത്. പിന്നോക്ക വിഭാഗത്തിലുള്ള ഒരു പെണ്‍കുട്ടിയ ദ്വിഗ് രാജ് ഒരു വര്‍ഷം മുമ്പ് വിവാഹം ചെയ്‌തിരുന്നു. ഈ ബന്ധത്തെ ബാലകൃഷ്‌ണനും ഭാര്യയും പെണ്‍മക്കളും എതിര്‍ത്തിരുന്നതിനാല്‍ ഇവര്‍ വേറെയായിരുന്നു താമസിച്ചിരുന്നത്. ഈ പ്രാവശ്യം ഭാര്യയുമായി വീട്ടില്‍ എത്തുമെന്ന് ദ്വിഗ് വീട്ടുകാരോട് പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് ബാലകൃഷ്‌ണനും ഭാര്യയും പറയുകയും ചെയ്‌തിരുന്നു.
അടുത്ത ദിവസം അവധി കഴിഞ്ഞ് ദ്വിഗ് വിദേശത്തേക്ക് മടങ്ങുമെന്നതിനാല്‍ ഉടന്‍ തന്നെ ഭാര്യയുമായി വീട്ടില്‍ എത്തുമെന്ന് ബാലകൃഷ്‌ണന്‍ കണക്ക് കൂട്ടി. വൈകുന്നേരത്തോടെ മകന്‍ വീട്ടില്‍ എത്തിയേക്കുമെന്ന് ഭയന്ന ഇവര്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കളപ്പുരയില്‍ എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഞായറാഴ്‌ച രാത്രി 9.30ഓടെയാണ് ആത്മഹത്യാ വാര്‍ത്ത പുറം ലോകമറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ദ്വിഗിനെതിരെ കേസ് എടുക്കാന്‍ സാധ്യമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബാലകൃഷ്‌ണനും കുടുംബത്തിനും സാമ്പത്തിക പ്രശ്‌നങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഇല്ലായിരുന്നുവെന്ന് മൊഴികള്‍ ലഭിച്ചിട്ടുണ്ട്.
ആത്മഹത്യ ചെയ്യുന്നതിന് ഇരുപത് വയസ് മാത്രമുള്ള ഇരട്ടമക്കളായ ദൃശ്യയും ദര്‍ശനയും അനുകൂലിച്ചുവെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. മൃതദേഹം ലഭിച്ച സ്ഥലത്ത് പിടിവലി നടന്നതിന്റെയോ ഒന്നും സൂചനകളില്ല. മുന്‍ കൂട്ടി തീരുമാനിച്ച പ്രകാരം നാലു പേരും വീടിനോട് ചേര്‍ന്നുള്ള അടുക്കളപ്പുരയില്‍ എത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.