മൊബൈല്‍ ഫോണില്‍ കളി വിലക്കിയതിനെ തുടര്‍ന്ന് മനം നൊന്ത എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥി ജീവനൊടുക്കി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് തിരുവിഴ പടിഞ്ഞാറ് ചാരങ്കട്ട് വീട്ടില്‍ ജിമ്മിയുടെ മകന്‍ ഡാനിയേല്‍ എന്ന ഉണ്ണിക്കുട്ടന്‍ (15) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം പരീക്ഷയില്ലായിരുന്നതിനാല്‍ കുട്ടി വീട്ടിലുണ്ടായിരുന്നു. ഓട്ടോ റിക്ഷാ ഡ്രൈവറായ പിതാവും തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിയായ മാതാവും പുറത്തു പോയ സമയത്തായിരുന്നു കുട്ടി ഈ കടുംകൈ ചെയ്തത്. ഉച്ചയ്ക്ക് വീട്ടിലെത്തിയ പിതാവും നാട്ടുകാരും ചേര്‍ന്ന് ഡാനിയേലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.