'പ്രിയപ്പെട്ട അനുജത്തീ, മുൻപേ നടക്കുക' - അനുപമയ്ക്ക് ആശംസയുമായി എഴുത്തുകാരൻ

Webdunia
ശനി, 18 നവം‌ബര്‍ 2017 (11:51 IST)
നിയമത്തിനു മുന്നിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത കലക്ടർ അനുപമ ഇപ്പോൾ എല്ലാവരുടെയും അഭിമാനപാത്രമാണ്. ഇപ്പോഴിതാ, തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റ വിഷയത്തിൽ ആലപ്പുഴ ജില്ലാകളക്ടർ അനുപമ ഐഎഎസിന് അഭിനന്ദനവുമായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്. 
 
ആലപ്പുഴ കായൽ കൈയ്യേറ്റ കേസിൽ മന്ത്രിസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അനുപമ ഐഎഎസിന് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. പ്രിയപ്പെട്ട അനുജത്തീ, മുൻപേ നടക്കുക. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ ചൂണ്ടിക്കാണിക്കാൻ ഇപ്പോൾ ഇതു പോലൊരാളെ ആവശ്യമുണ്ടെന്നാണ് സുഭാഷ് ചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.
 
സുഭാഷ് ചന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
 
മലത്തേക്കാൾ മലിനമായ ഒരു കാലത്തിൽ പെട്ടുപോയ ശതലക്ഷം യുവജനങ്ങൾക്ക്‌ ഈ പേർ, ഈ അന്തസ്സ്‌, നിർഭയം ഉയർത്തിപ്പിടിക്കുന്ന ഈ ശിരസ്സ്‌ ഒരു വിളക്കുമരം പോലെ വഴി കാണിക്കട്ടെ. ഇങ്ങനെയൊരു മകളെ ഞങ്ങൾക്കു തന്ന ആ മാതാപിതാക്കളുടെ കാൽക്കൽ മനുഷ്യാന്തസ്സിനു വേണ്ടി നിലവിളിക്കുന്ന ആയിരങ്ങളെ പ്രതിനിധീകരിച്ച്‌ ഈ എഴുത്തുകാരന്റെ പ്രണാമം!
 
പ്രിയപ്പെട്ട അനുജത്തീ, 
 
മുൻപേ നടക്കുക. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ ചൂണ്ടിക്കാണിക്കാൻ ഇപ്പോൾ ഇതു പോലൊരാളെ ആവശ്യമുണ്ട്‌
 
സ്വന്തം
 
സുഭാഷ്‌ ചന്ദ്രൻ
Next Article