ഇത്തവണ കാലവർഷം ശക്തമായതിനെത്തുടർന്ന് സംസ്ഥാനത്ത് കുറേയേറെ സ്‌കൂളുകൾക്ക് റെഗുലർ ക്ലാസ് നഷ്‌ടമായതിനാൽ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകള്‍ രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കും. പരീക്ഷകൾ അടുത്ത മാര്‍ച്ച് ആറിന് തുടങ്ങി 27നകം അവസാനിക്കുന്ന തരത്തിലായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പ് എസ് എസ്എല്‍സി കലണ്ടര്‍ തയ്യാറാക്കിയത്. പ്ലസ്ടു പരീക്ഷകളും ഇതേ ദിവസം നടത്താനായിരുന്നു തീരുമാനം.
എന്നാൽ, കാലാവസ്ഥ മോശമായതിനാൽ അധിക ജില്ലകളിലേയും സ്‌കൂളുകൾ ദിവസങ്ങളോളം പൂട്ടിയിട്ടിരുന്നു. ഇതോടെ പരീക്ഷ ആകുമ്പോഴേക്കും പാഠങ്ങൾ തീർക്കാൻ കഴിയാത്ത അവസ്ഥ ആയതുകൊണ്ടാണ് പരീക്ഷകൾ മാറ്റാനുള്ള തീരുമാനങ്ങൾ എടുത്തത്.
മാര്‍ച്ച് ആറിന് നടക്കാനിരുന്ന പത്താംതരത്തിലെ പൊതുപരീക്ഷ മാര്‍ച്ച് ഇരുപതിന് തുടങ്ങി ഏപ്രില്‍ പത്തിന് അവസാനിക്കുന്ന രീതിയിലാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ നാലര ലക്ഷത്തില്‍പ്പരം കുട്ടികളാണ് എസ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. നാല് ലക്ഷത്തിലധികം പേര്‍ പ്ലസ്ടു പരീക്ഷയും എഴുതുന്നുണ്ട്.