തൊടുപുഴ കൂട്ടക്കൊലയ്‌ക്കു പിന്നില്‍ മന്ത്രവാദത്തിലെ തര്‍ക്കം; അന്വേഷണം അടുത്ത ബന്ധുക്കളിലേക്ക് - കൃത്യം നടത്തിയത് ഒന്നിലേറെ പേരെന്ന് നിഗമനം

ബുധന്‍, 1 ഓഗസ്റ്റ് 2018 (20:28 IST)
ഇടുക്കി കാളിയാർ കമ്പകകാനം മുണ്ടൻമുടിയിൽ ഒരു കുടുംബത്തിലെ നാലു പേരുടെ കൊലപാതകത്തിന് പിന്നിൽ മന്ത്രവാദത്തിലെ തർക്കമാണെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരുമായി ബന്ധമുള്ളയാളാണ് കൃത്യം നടത്തിയതെന്നും ഒന്നിലേറെ പേർ ഉൾപ്പെട്ട സംഘമാണ് കൊല നടത്തിയതെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട കൃഷ്‌ണന്‍ വീട്ടിൽ മന്ത്രവാദവും പൂജയും നടത്തിയിരുന്നതായി സഹോദരൻ യജ്ഞേശ്വർ വ്യക്തമാക്കിയിരുന്നു. ഇതേ മൊഴി തന്നെയാണ് സമീപവാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അന്വേഷണ സംഘത്തിനു ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. 

ഞായറാഴ്ച രാത്രിയാണു കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണ ശ്രമത്തിനിടെയാണ് കൊല നടന്നതെന്ന ആരോപണമുണ്ടെങ്കിലും മോഷ്ടാക്കൾ അതിക്രമിച്ചു കടന്നതിന്റെ സൂചനകള്‍ ലഭ്യമല്ല.

മോഷണ ശ്രമത്തിനിടെയാണ് കൊല നടന്നതെങ്കില്‍ കൂടി ഒരാള്‍ക്ക് മാത്രമായി മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ കഴിയില്ല. കൊല്ലപ്പെട്ട കൃഷ്‌ണന് അഞ്ചരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമുണ്ട്. അതിനാല്‍ ഒരാള്‍ക്ക് ഒറ്റയ്‌ക്ക് കൃത്യം നടപ്പാക്കാന്‍ സാധിക്കില്ലെന്നും പൊലീസ് കരുതുന്നുണ്ട്.

കമ്പകക്കാനം കാനാട്ട് കൃഷ്ണൻകുട്ടി (52)‍, ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (18) എന്നിവരുടെ മൃതദേഹങ്ങളാണു വീടിനടുത്ത് കുഴിച്ചുമൂടിയ നിലയിലായില്‍ കണ്ടെത്തിയത്.

കൃഷ്ണന്റെയും മകന്റെയും തലയിലും ശരീരത്തും മാരകമായ മുറിവേറ്റ നിലയിലാണ്. സുശീലയുടെ ദേഹത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുഴിയിൽ ഒന്നിനുമുകളിൽ മറ്റൊന്നായി മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് പറമ്പിൽ പരിശോധന നടത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍