സെക്രട്ടേറിയറ്റിനു മുന്നില്‍ താന്‍ നടത്തിയ സമരത്തിന്റെ പേരില്‍ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവ് നടത്തിയതായി ശ്രീജിത്ത്.
സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ നല്‍കാന്‍ എന്ന പേരില്‍ കൂടിയ ചിലര്‍ തന്നെ മാനസികമായി പീഡിപ്പിച്ചു. ഒപ്പം നിന്ന പലരും അവസാനം തള്ളിപ്പറഞ്ഞുവെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീജിത്ത് പറഞ്ഞു.
സമരത്തിന് പിന്തുണ നല്‍കാന്‍ എത്തിയവരില്‍ ചിലര്‍ പണം നല്‍കി സഹായിക്കാന്‍ ശ്രമിച്ചു. സ്‌നേഹത്തോടെ അവയെല്ലാം ഞാന്‍ നിരസിച്ചു. എന്നാല്‍ എനിക്ക് ശ്രദ്ധിക്കാന്‍ കഴിയാത്ത സമയത്ത് കൂടെയുണ്ടായിരുന്ന സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലർ പണം വാങ്ങിയിരുന്നുവെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.
ചിലര്‍ മറ്റു തരത്തിലുള്ള പണപ്പിരിവുകളും നടത്തുകയും എന്റെ പേരില്‍ അത് ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. ഇവരുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ അറിയാതെയാണ് പണപ്പിരിവ് നടക്കുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.
സമൂഹമാധ്യമ കൂട്ടായ്മയിലെ കുറേപേര്‍ ഒപ്പം നില്‍ക്കുകയും ഉറച്ച പിന്തുണ നല്‍കുകയും ചെയ്‌തു. സഹോദരന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ സ്വന്തം നാട്ടിലുള്ളവരാണ്. അതിനാല്‍ നാട്ടില്‍ തുടര്‍ന്ന് ജീവിക്കുന്നതില്‍ ആശങ്കയുണ്ട്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും ശ്രീജിത്ത് പറഞ്ഞു.