ഫേസ്ബുക്കിന്‍റെ മാര്‍ക്കറ്റ് പ്ലെയ്സ് എങ്ങനെ ഉപയോഗിക്കാം?

ശനി, 3 ഫെബ്രുവരി 2018 (18:34 IST)
ഇന്ന് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും പലവിധ ആപ്ലിക്കേഷനുകളും ടൂളുകളും ഓണ്‍ലൈനില്‍ ലഭ്യമാണ്. ചിലതൊക്കെ വളരെ പ്രശസ്തവും വിശ്വാസയോഗ്യവുമാണ്. ഇപ്പോള്‍ ഫേസ്ബുക്കില്‍ തന്നെ തങ്ങളുടെ ബിസിനസ് വളരെ ഗംഭീരമായി നടത്തിക്കൊണ്ടുപോകുന്നത് ലക്ഷക്കണക്കിന് പേരാണ്.
 
എന്നാല്‍ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഫേസ്ബുക്ക് തന്നെ ഒരു സ്ഥലം അനുവദിച്ചാലോ? നമ്മുടെ ഉപയോഗിച്ച് പഴകിയ എന്ത് സാധനങ്ങളും വില്‍ക്കാനും പഴയ സാധനങ്ങള്‍ വാങ്ങാനുമൊക്കെയായി എഫ്ബി ഒരു സൌകര്യം ഒരുക്കിയിട്ടുണ്ട് - അതാണ് ‘മാര്‍ക്കറ്റ് പ്ലെയിസ്’. 
 
സാധനങ്ങള്‍ നേരിട്ട് വാങ്ങാനും വില്‍ക്കാനും സാധിക്കും എന്നതുതന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ ഗുണം. എഫ്ബിയുടെ നാവിഗേഷന്‍ ബാറില്‍ ഒരു കെട്ടിടത്തിന്‍റെ ഐക്കണ്‍ നിങ്ങള്‍ ശ്രദ്ധിച്ചുകാണും. ഇതെന്താണാവോ സാധനമെന്ന് മനസില്‍ കരുതുകയും സംശയത്തോടെ നോക്കുകയും ചെയ്തവരോട് പറയട്ടെ - അതുതന്നെയാണ് മാര്‍ക്കറ്റ് പ്ലെയ്സ്. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ നേരെ മാര്‍ക്കറ്റ് പ്ലെയ്സിലേക്ക് എത്തും.
 
ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നവര്‍ക്ക് മാര്‍ക്കറ്റ് പ്ലെയ്സ് വലിയ ഗുണമാകും. സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഉപയോഗിക്കുന്ന ചില സൈറ്റുകള്‍ ആ വില്‍പ്പനയുടെ ഒരു നിശ്ചിത ശതമാനം ഫീസായി ഈടാക്കാറുണ്ട്. എന്നാല്‍ മാര്‍ക്കറ്റ് പ്ലെയ്സ് പൂര്‍ണമായും സൌജന്യമാണെന്നുള്ളതാണ് വലിയ സവിശേഷത.
 
യാതൊരു ആശയക്കുഴപ്പവും ഇല്ലാതെ വ്യാപാരം നടത്താനുതകുന്ന ഒരു പ്ലാറ്റ്ഫോമാണ് മാര്‍ക്കറ്റ് പ്ലെയ്സിലൂടെ ഫേസ്ബുക്ക് തുറന്നുതന്നിരിക്കുന്നത്. പലവിധ കാറ്റഗറികളിലായി വ്യാപാരം വിഭജിച്ചിരിക്കുന്നു. കാറുകളുടെയും വീടുകളുടെയും വിഭാഗങ്ങള്‍ മുതല്‍ വാടകയ്ക്കുള്ള സ്ഥലങ്ങളും തൊഴില്‍ അവസരങ്ങളും വരെ മാര്‍ക്കറ്റ് പ്ലെയ്സില്‍ കാണാം. യൂസര്‍ക്ക് ലൊക്കേഷനും തുകയുടെ റേഞ്ചും കൊടുത്താല്‍ ഒരു വലിയ കമ്പോളം തന്നെയാണ് മുന്നില്‍ തുറക്കപ്പെടുന്നത്. 
 
കൃത്യമായ ഫോട്ടോയോ വിലാസമോ കൂടാതെ ആപ്പുകളില്‍ സാധനം വാങ്ങാനും വില്‍ക്കാനും വരുന്ന സ്ഥിതിയേക്കാള്‍ എന്തുകൊണ്ടും മെച്ചമാണ് എല്ലാ വിശദാംശങ്ങളും വ്യക്തമാകുന്ന ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്സ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍