മകന് കരള്‍ പകുത്തു നല്‍കിയ പിതാവ് മരിച്ചു; പിന്നാലെ മകനും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ജനുവരി 2025 (10:41 IST)
മകന് കരള്‍ പകുത്തു നല്‍കിയ പിതാവ് മരിച്ചതിന് പിന്നാലെ മകനും മരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കല്ലൂര്‍ ദേശാഭിമാനി റോഡ് സ്വദേശി ത്വയ്യിബ് കെ നസീര്‍ ആണ് മരിച്ചത്. 26 വയസ്സായിരുന്നു. യുവാവിന് കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പിതാവ് കരള്‍ നല്‍കുകയായിരുന്നു. കരള്‍ ദാനം ചെയ്തതിന് പിന്നാലെ ചികിത്സയിലിരിക്കെ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് പിതാവ് നസീര്‍ മരണപ്പെട്ടിരുന്നു.
 
റോബോട്ടിക് ശസ്ത്രക്രിയയില്‍ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്നാണ് നസീര്‍ മരിച്ചത്. നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിലേക്ക് കീഴടങ്ങുകയായിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ മകന്റെ മരണവും സംഭവിച്ചത്. ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എംബിഎ ബിരുദധാരിയായ യുവാവ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തിലായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍