ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഫോണിലൂടെ സരിതയ്‌ക്ക് ‘ക്ലാസെടുത്ത’ തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം

Webdunia
ബുധന്‍, 3 ഫെബ്രുവരി 2016 (10:55 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സരിത എസ് നായരെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം. ശമ്പ്ദരേഖ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് നിയമോപദേശം ലഭിച്ചെന്നാണ് കന്റോണ്മെന്റ്  എസി വ്യക്തമാക്കി. ഡയറക്‍ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്.

അതേസമയം, തമ്പാനൂര്‍ രവിക്കെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം തേടി. പൊതുപ്രവര്‍ത്തകനായ പികെ രാജു ഡിജിപി ടിപി സെന്‍‌കുമാറിന് നല്‍കിയ പരാതിയിലാണ് നിയമോപദേശം തേടിയത്. ഈ പരാതി അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി കന്റോണ്മെന്റ്  എസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

സോളാര്‍ കേസില്‍‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവായ തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെടുന്ന ടെലിഫോണ്‍ സംഭാഷണം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയെ മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളുവെന്ന്​ പറയണമെന്ന് സരിതയോട് തമ്പാനൂര്‍ രവി സംഭാഷണത്തിൽ ആവശ്യപ്പെടുന്നുണ്ട്. രണ്ട് തവണ ഓഫിസിൽ വെച്ചും ഒരു തവണ പുറത്തു വെച്ചും മാത്രമേ കണ്ടിട്ടുള്ളൂവെന്ന് പറയണം. പത്രങ്ങള്‍ വായിച്ച് മുഖ്യമന്ത്രിയുടെ മൊഴി മുഴുവന്‍ പഠിക്കണം. സേഫായി മൊഴി നല്‍കണമെന്നും ചോദ്യങ്ങള്‍ക്ക് നന്നായി ഉത്തരം പറയണമെന്നും തമ്പാനൂർ രവി പറയുന്നുണ്ട്.