'ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അവഹേളനത്തിലും അസഭ്യം പറയാതെ, ആരേയും കയ്യേറ്റം ചെയ്യാതെ കവിത വായിച്ച് പ്രതിഷേധിച്ച കറയില്ലാത്ത മനുഷ്യനാണ്'; ബിനീഷ് ബാസ്റ്റിന് കട്ടസപ്പോര്‍ട്ടുമായി സോഷ്യല്‍മീഡിയ

റെയ്‌നാ തോമസ്
വെള്ളി, 1 നവം‌ബര്‍ 2019 (09:57 IST)
പാലക്കാട് മെഡിക്കല്‍ കോളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടെത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ചതിനെ വിമര്‍ശിച്ചും ബിനീഷിനെ പിന്തുണച്ചും സോഷ്യല്‍മീഡിയ. നിരവധിപ്പോരാണ് ബിനീഷിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
 
ബിനീഷിന് കട്ട സപ്പോര്‍ട്ടെന്നാണ് സോഷ്യല്‍മീഡിയയിലൂടെ ആളുകള്‍ പ്രതികരിക്കുന്നത്. സിനിമാമേഖലയില്‍നിന്നും നിരവധിപ്പേര്‍ ബിനീഷിന് പിന്തുണയുമായി എത്തുന്നുണ്ട്. ‘ആ ഇരിപ്പ് കണ്ടോ?? ഏത് ധാര്‍ഷ്ട്യ നോട്ടത്തിനേയും വക വെക്കാതെയുള്ള സമരമാണ്. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അവഹേളനത്തിലും ഒരു വാക്ക് അസഭ്യം പറയാതെ, ആരേയും കയ്യേറ്റം ചെയ്യാതെ കവിത വായിച്ച് പ്രതിഷേധിച്ച കറയില്ലാത്ത മനുഷ്യനാണ്. ഇന്നിന്റെ യഥാര്‍ത്ഥ നായകനാണ്, നാളെയുടെ പ്രതീക്ഷയാണ്’, സിനിമാതാരവും സംവിധായകനുമായ ആര്യന്‍ കൃഷ്ണ മേനോന്‍ ഫേസ്ബുക്കില്‍ കുറച്ചു.
 
സംഭവത്തിന്റെ വീഡിയോയും വാര്‍ത്തകളും പങ്കുവച്ചും കമന്റുകള്‍ എഴുതിയും ബിനീഷിനൊപ്പമാണ് എന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. സവര്‍ണ മാടമ്പിത്തരം ചെറുതെങ്കിലും കഴിയുന്ന രീതിയില്‍ പ്രതിരോധിച്ച് യുവ സമൂഹത്തിന് മുമ്പില്‍ തന്റെ അഭിമാനം ഉയര്‍ത്തി ആത്മരോഷം നടത്തിയ ഈ കലാകാരന് ഹൃദയത്തില്‍ നിന്ന് സല്യൂട്ട്’ എന്നാണ് ഒരു കമന്റ്.
 
പണ്ട് സിനിമാതാരം കലാഭവന്‍ മണിയും പലവേദിയില്‍നിന്നും അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും പിന്നീട് അപമാനിച്ചവര്‍ക്കുമുമ്പില്‍ തലയുയര്‍ത്തിനിന്ന് കഴിവുകൊണ്ട് മണി മറുപടി പറയുകയായിരുന്നെന്നും ചിലര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് വേദിയിലേക്കെത്തി അനില്‍ രാധാകൃഷ്ണ മേനോന്‍ സംസാരിക്കുന്ന സ്റ്റേജില്‍ കുത്തിയിരുന്നാണ് ബിനീഷ് പ്രതിഷേധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article