ശിവഗിരി മഠം മുന്‍ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള. ശാശ്വതീകാനന്ദ സ്വാമിയുടെ കൊലപാതകത്തില്‍ തുടരന്വേഷണമാകാം. അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. തെളിവുകള്‍ ഉള്ളവര്‍ അന്വേഷണ സംഘത്തിന് കൈമാറട്ടെയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം, സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന് ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നീന്തല്‍ അറിയാവുന്ന അദ്ദേഹം പുഴയില്‍ മുങ്ങിമരിച്ചതാണെന്ന് പറഞ്ഞാന്‍ എങ്ങനെ അംഗീകരിക്കാന്‍ കഴിയും. സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം കണ്ടപ്പോള്‍തന്നെ അതൊരു ജലസമാധി അല്ലെന്ന് തനിക്ക് തോന്നിയിരുന്നു. സ്വാമിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മൃതദേഹം കരയിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കമ്പ് കൊണ്ട് ഉണ്ടായെ മുറിവാണെന്നാണ് തന്നോട് പലരും പറഞ്ഞതെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു.