സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ 28 ഹൈക്കോടതി വിധി പറയും. എൻഫോഴ്സ്മെന്‍റ് കസ്റ്റംസ് കേസുകളിൽ മുൻകൂര്‍ ജാമ്യം തേടിയാണ് എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കള്ളക്കടത്തുമായി ശിവശങ്കറിന് വലിയ ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റും പ്രധാന ചോദ്യങ്ങൾക്ക് ശിവശങ്കർ മറുപടി നൽകുന്നില്ലെന്ന് കസ്റ്റംസ് അധികൃതരും വാദിച്ചു.
അതേസമയം ഏറെ വൈകാരികമായ ജാമ്യാപേക്ഷയുമായാണ് എം ശിവശങ്കർ കോടതിയെ സമീപിച്ചത്. തന്നെ എങ്ങനെയും അകത്തിടാൻ മാത്രമായാണ് അന്വേഷണസംഘം പ്രവർത്തിക്കുന്നത്. എന്റെ ജോലി കുടുംബം എല്ലാം നശിച്ചു. ഹോട്ടലിൽ പോലും റൂം കിട്ടുന്നില്ല. എല്ലാവരാലും ഞാൻ വെറുക്കപ്പെട്ടവനായി.
താൻ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന വാദം ശരിയല്ല. ഇതുവരെ 100 മണിക്കൂറിലധികം ചോദ്യം ചെയ്തു. കേസ് ഏതെന്ന് വ്യക്തമാക്കാതെയാണ് ചോദ്യം ചെയ്യലിനുള്ള കസ്റ്റംസിന്റെ നോട്ടീസെന്നും ശിവശങ്കർ വ്യക്തമാക്കി. തുടർച്ചയായ ചോദ്യം ചെയ്യൽ തന്റെ ആരോഗ്യത്തെ പോലും ബാധിച്ചതായും ജാമ്യാപേക്ഷയിൽ ശിവശങ്കർ വ്യക്തമാക്കി.