ശിവഗിരി: 88-ാമത് ശിവഗിരി തീര്‍ഥാടനത്തിനുള്ള ഒരുക്കം തുടങ്ങി. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇക്കുറി തീര്‍ഥാടനം. വലിയ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനം ആയിരത്തില്‍ താഴെ തീര്‍ഥാടകര്‍ക്കു മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ.
ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളില്‍ വിര്‍ച്വല്‍ തീര്‍ഥാടനമായിട്ടാകും ഇത്തവണത്തെ ശിവഗിരി തീര്‍ഥാടനം നടത്തുകയെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മഠം അധികൃതര്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ നടന്നിരുന്ന വലിയ സമ്മേളനങ്ങളും പരിപാടികളും ഇത്തവണ ഉണ്ടാകില്ല. പ്രമുഖരുടെ പ്രസംഗങ്ങളും ക്ലാസുകളും ഡിസംബര്‍ 25 മുതല്‍ ശിവഗിരി ടിവിയിലൂടെ ഓണ്‍ലൈനായി സംപ്രേഷണം ചെയ്യും. ശിവഗിരിയിലും പരിസരത്തും തീര്‍ഥാടകര്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ മേളകളും കച്ചവട സ്റ്റാളുകളും അനുവദിക്കില്ല. അന്നദാനവും തീര്‍ഥാടകര്‍ക്കു ശിവഗിരിയില്‍ താമസിക്കാനുള്ള സൗകര്യവും ഉണ്ടാകില്ല.
ശിവഗിരിയിലേക്കു വരുന്ന തീര്‍ഥാടകര്‍ മുന്‍കാലങ്ങളി ലുള്ളതുപോലെ വലിയ സംഘങ്ങളായി എത്തുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വി.ആര്‍. വിനോദ് പറഞ്ഞു. ആയിരം പേരില്‍ താഴെ ആളുകളെ മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ. ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല. പൊതു പരിപാടികള്‍ നടത്തുകയാണെങ്കില്‍ ഹാളിന്റെ വലിപ്പത്തിന്റെ 50 ശതമാനത്തില്‍ താഴെ ആളുകളെ മാത്രമേ അനുവദിക്കൂ. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മഠം അധികൃതര്‍ തീര്‍ഥാടകര്‍ക്കു പ്രത്യേക അറിയിപ്പു നല്‍കണം.