എഴുത്തുകാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി മുന്‍മന്ത്രിയും എഴുത്തുകാരനും കോണ്‍ഗ്രസ് എം പിയുമായ ശശി തരൂര്‍. എഴുത്തുകാര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്കുന്ന രീതിയെ അനുകൂലിക്കുന്നുണ്ടെങ്കിലും ഈ രീതിയെ പിന്താങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലാണ് ശശി തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
എഴുത്തുകാരുടെ പ്രതിഷേധം നമ്മുടെ രാജ്യത്തിന് അഭിമാനകരമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഊര്‍ജ്ജസ്വലമായ ഒരു രാഷ്‌ട്രമാണ് ഇന്ത്യ എന്നതിന്റെ തെളിവാണിത്. ഒരു സര്‍ക്കാര്‍ സൃഷ്‌ടിച്ചെടുക്കുന്ന തെറ്റായ പ്രത്യേക പരിതസ്ഥിതിയുടെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നതെന്നും തരൂര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഈ ശ്രമത്തെ എതിര്‍ക്കേണ്ടതുണ്ട്. വിമര്‍ശിക്കേണ്ടതുണ്ട്. എഴുത്തുകാര്‍ അവരുടെ അന്തഃകരണത്തെയാണ് അവര്‍ ആവിഷ്‌കരിച്ചത്. അതിനെ കടലാസ് വിപ്ലവമെന്ന് അധിക്ഷേപിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായസ്വാതന്ത്ര്യത്തെ പ്രതിരോധിക്കാന്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിലൂടെ സാഹിത്യകാരന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ആദരിക്കുന്നു. എങ്കിലും ഈ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് സ്വതന്ത്ര സമിതികളാണെന്നും അംഗീകാരങ്ങളെ അനാദരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.