തിരുവനന്തപുരം എം പി ശശി തരൂരിനെതിരായ സംസ്ഥാന കോണ്‍ഗ്രസ് അഭിപ്രായം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ടായി നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. നടപടി ഹൈക്കമാന്റ് തീരുമാനിക്കും. ശശി തരൂര്‍ വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസിയുടെ ഉന്നതതലയോഗം യോഗത്തിലാണ് തീരുമാനം.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായിരുന്നു തരൂരിന്റെ അഭിപ്രായപ്രകടനങ്ങളെന്ന് ഉന്നതതല യോഗം വിലയിരുത്തി. സംസ്ഥാനത്ത് നിന്ന് തരൂരിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കില്ല. പകരം സംസ്ഥാനത്ത് ഇത് സംബന്ധിച്ച് നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയതിന് ശേഷമായിരുന്നു കെപിസിസി ഓഫിസില്‍ ഉന്നതതലയോഗം നടന്നത്. തരൂരിന് കാരണം കാണിക്കല്‍ നോട്ടീസ് കെപിസിസി നേതൃത്വം നല്‍കിയിരുന്നു. ശശി തരൂരിനെതിരേ കൂടുതല്‍ നടപടി എടുക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം.
തരൂരിനെതിരേ ഐസിസിയില്‍ നിന്ന് ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉന്നതതല യോഗത്തിനുശേഷം വി എം സുധീരന്‍ പ്രതികരിച്ചു. ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു.