ഷാര്‍ജയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

Webdunia
ശനി, 12 മാര്‍ച്ച് 2016 (14:08 IST)
ഷാര്‍ജയില്‍ മദാമിനടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. മദാമിനടുത്ത് ഹത്ത റോഡിലാണ് അപകടം ഉണ്ടായത്. 
 
കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂർ സ്വദേശി അഷ്റഫിന്റെ മകൻ അഷ്മിദ്(19), കണ്ണൂർ പാനൂർ സ്വദേശി മുസ്തഫയുടെ മകൻ ഷിഫാം(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് സുനൂൻ(19) എന്നിവരാണ് മരിച്ചത്. ദുബായ് മിഡിൽ സെക്സ് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് മൂവരും.
 
ഇവര്‍ ഉള്‍പ്പെടെ അഞ്ച് സഹപാഠികൾ മദാമിലെ കൂട്ടുകാരന്റെ വീട്ടിൽ ചെന്ന് മടങ്ങുമ്പോൾ ഇന്നലെ രാത്രി 12നായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാറിന് പിന്നാലെ മറ്റൊരു വാഹനം ഇടിച്ച് മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
 
മദാം ഗവ.ആശുപത്രി മോർച്ചറിയിൽ ആണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. നടപടികൾക്ക് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.