വനിതകൾ വെറും വെള്ളം കോരികളും വിറക് വെട്ടികളുമായി; അർഹമായ പരിഗണന നൽകുന്നില്ല, ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും കെ പി സി സി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി

Webdunia
തിങ്കള്‍, 23 മെയ് 2016 (16:20 IST)
കെ പി സി സി യോഗത്തിൽ നിന്നും മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും ഇറങ്ങിപ്പോയി. വനിതകൾക്ക് അർഹമായ പരിഗണനകൾ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഇരുവരും യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത്. കോൺഗ്രസിലെ വനിതകൾ വെറും വെള്ളം കോരികളും വിറക് വെട്ടികളുമായെന്ന് ഇരുവരും ആരോപിക്കുന്നു.
 
ഇന്ന് നടന്ന യോഗത്തിൽ കൂട്ടത്തോൽവി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. തോൽവി ചർച്ച ചെയ്യുന്നതിന് ഇന്നലെ ചേർന്ന കൊല്ലം ഡി സി സി യോഗത്തിൽ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞിരുന്നു. ചാത്തന്നൂര്‍ മണ്ഡലത്തിലെ തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കുകയും കോലം കത്തിക്കുകയും ചെയ്തതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഇത്. യോഗത്തിൽ ഒരു വിഭാഗം ബിന്ദു കൃഷ്ണക്കെതിരെ സംസാരിക്കുകയും ചെയ്തിരുന്നു.
 
അതേസമയം പരാജയപ്പെടുമെന്ന് ഉറപ്പുള്ള സീറ്റാണ് തനിക്ക് നല്‍കിയതെന്ന്  ഒറ്റപ്പാലത്തെ സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ ഉസ്മാനും യോഗത്തിൽ പ്രതികരിച്ചിരുന്നു. സംഘടനാ ദൗര്‍ബല്യവും പരാജയത്തിന് കാരണമായെന്നും തന്നെ തോല്‍പ്പിക്കാനായിരുന്നു തീരുമാനമെങ്കില്‍ ആലപ്പുഴ ജില്ലയിലെ തന്നെ ഏതെങ്കിലും സീറ്റ് നല്‍കിയാല്‍ മതിയായിരുന്നുവെന്നും ഷാനിമോള്‍ പറഞ്ഞിരുന്നു. 
 
കോണ്‍ഗ്രസിലെ അവഗണനയില്‍ മടുത്ത് കെ പി സി സി എക്‌സിക്യുട്ടീവ് അംഗമായ ഷാഹിദ കമാലും അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു. 
 
Next Article