''പേടിക്കാന്‍ വേറെ ആളെ നോക്കണം'' - ശോഭ സുരേന്ദ്രന് മറുപടിയുമായി ഷാനി പ്രഭാകരന്‍

Webdunia
ഞായര്‍, 13 മെയ് 2018 (11:41 IST)
സത്യം പറയുന്നതിലൂടെ ഒരിക്കലും ഭയപ്പെടുകയില്ലെന്ന് വ്യക്തമാക്കുകയാണ് മാധ്യമപ്രവർത്തക ഷാനി പ്രഭാകരന. ഭീഷണി കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണമെന്ന് ഷാനി വ്യക്തമാക്കുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് മനോരമ ചാനലിലെ ‘പറയാതെ വയ്യ’ എന്ന പരിപാടിയിലൂടെയായിരുന്നു ഷാനി മറുപടി നല്‍കിയത്.
 
”വസ്തുതകള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടുമ്പോള്‍ ഇത് ചെറിയ കളിയല്ല എന്ന് ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. അത് കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണം, അല്ലെങ്കില്‍ സത്യം പറയുന്നവരെ തൂക്കിക്കൊല്ലാന്‍ നിങ്ങള്‍ പുതിയൊരു നിയമമുണ്ടാക്കണം” എന്ന് ഷാനി പരിപാടിയിലൂടെ പറഞ്ഞു.
 
ഇന്ത്യയെന്ന വലിയ രാജ്യത്തിലെ പ്രധാനമന്ത്രിയ്ക്ക് പച്ചയ്ക്ക് അസത്യം പറയാന്‍ ധൈര്യം നല്‍കുന്നതെന്താണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി സത്യം വളച്ചൊടിക്കുമ്പോള്‍ തലകുനിക്കുന്നത് ഇന്ത്യയെന്ന രാജ്യമാണ്. ദയവായി ഇന്ത്യയെ അപമാനിക്കരുതെന്നും ഷാനി പറയുന്നു.
 
പ്രധാനമന്ത്രിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ഷാനിയ്ക്കു നേരെ ശോഭാസുരേന്ദ്രന്‍ ഭീഷണി ഉയര്‍ത്തിയത്. ചർച്ചയ്ക്കിടെ ‘ഷാനി ഇത് ചെറിയ കളിയല്ലെന്നും ഇതിന് ഷാനി മറുപടി പറയേണ്ടി വരുമെന്നും‘ ആയിരുന്നു ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article