എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻറ് ജെ എസ് ശരത്തിനെ സംഘടനയിൽ നിന്ന് പുറത്താക്കി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി പി ശ്രീനിവാസനെ മർദ്ദിച്ച കേസിൽ പ്രതിയായതിനാലാണ് ഈ പുറത്താക്കല്‍. എസ് എഫ് ഐയുടെ വിളപ്പിൽ ഏരിയാ പ്രസിഡൻറ് കൂടിയാണ് ശരത്.
ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാനായി കോവളത്തെത്തിയതായിരുന്നു ശ്രീനിവാസന്‍. ഒരു വിധത്തിലുള്ള പ്രകോപനവും കൂടാതെയാണ് ശരത് അദ്ദേഹത്തിന്റെ കരണത്ത് അടിച്ചത്. വിദ്യാഭ്യാസ സംഗമത്തിനെതിരെ എസ് എഫ് ഐ പ്രതിഷേധ സമരം നടക്കുന്നതിനിടയില്‍ കോവളം ലീലാ ഹോട്ടലിലേക്ക് വന്ന ശ്രീനിവാസനെ എസ് എഫ് ഐ ക്കാർ തടഞ്ഞു. തിരിച്ചു പോകാനായി കാറിനടുത്തേക്ക് നടക്കുമ്പോഴാണ് പിറകില്‍ നിന്ന് ശരത് അദ്ദേഹത്തിന്റെ കരണത്ത് അടിച്ചത്. അടികൊണ്ട ശ്രീനിവാസൻ നിലത്തു വീണു. ഈ സംഭവം നോക്കി നിന്ന രണ്ടു എസ് ഐമാരെയും മൂന്നു പൊലീസുകാരെയും നിർബന്ധ പരിശീലനത്തിനായി തൃശൂർ പൊലിസ് അക്കാദമിയിലേക്ക് അയച്ചു.
ശ്രീനിവാസനെ അടിച്ച ശേഷം ശരത് സ്ഥലത്ത് നിന്ന് മുങ്ങി. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മലയിൻകീഴ് മേപ്പൂക്കര സ്വദേശിയായ ശരത് വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്.