സംസ്ഥാന പൊലീസ് മേധാവി ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു.
ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഭരണനിര്‍വ്വഹണ ചുമതലയുള്ള എഡിജിപിയുടെ സുപ്രധാന പദവിയില്‍ കൊണ്ടുവന്നത് എന്തിനാണെന്ന് ചോദിച്ച ഹൈക്കോടതി തച്ചങ്കരിക്കെതരായി നിലവിലുള്ള കേസുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ഡിജിപിയായി ടിപി സെൻകുമാറിനെ നിയമിക്കുന്നതിന് മുമ്പ് പൊലീസ് സേനയിൽ നടത്തിയ സ്ഥലം മാറ്റങ്ങളും പൊലീസ് ആസ്ഥാനത്ത് ടോമിൻ തച്ചങ്കരിയെ നിയമിച്ചതും ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.
രാമങ്കരി സ്വദേശി ജോസ് തോമസാണ് ടോമിൻ ജെ. തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തച്ചങ്കരി നിരവധി കേസുകളിൽ പ്രതിയും ആരോപണങ്ങൾ നേരിടുന്ന ആളുമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.