രണ്ടാമതും ഡെങ്കി വന്നാൽ സ്ഥിതി സങ്കീർണ്ണമാകും, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

അഭിറാം മനോഹർ
വ്യാഴം, 4 ജൂലൈ 2024 (14:58 IST)
ഡെങ്കിപ്പനി മുന്‍പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണ്ണമാകാന്‍ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ സാഹചര്യത്തില്‍ എല്ലാവരും തന്നെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിഭാഗത്തിനും ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേരില്‍ രോഗം തീവ്രതയുള്ളതാകാന്‍ സാധ്യതയുണ്ട്. പലര്‍ക്കും അറിയാതെയെങ്കിലും ഡെങ്കിപ്പനി ഒരു തവണ ബാധിച്ചിരിക്കാം എന്നാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കുന്നത്. ഇവരില്‍ രണ്ടാമതും വൈറസ് ബാധയുണ്ടായാല്‍ സ്ഥിതി ഗുരുതരമാകാം.
 
 ഡെങ്കി വൈറസിന് നാല് വകഭേദമാണുള്ളത്. ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴിവനും നമുക്ക് പ്രതിരോധമുണ്ടാകും. എന്നാല്‍ അതേ വ്യക്തിക്ക് മറ്റൊരു വകഭേദം ബാധിച്ച് ഡെങ്കിപ്പനിയുണ്ടായാല്‍ രോഗം ഗുരുതരമാകും. പ്രമേഹം,രക്താതിസമ്മര്‍ദ്ദം,ഹൃദ്രോഗം,വൃക്ക രോഗം, തുടങ്ങി അനുബന്ധരോഗമുള്ളവരും പ്രായമായവരും കുഞ്ഞുങ്ങളും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. 
 
ചെറിയ പനി വന്നാല്‍ പോലും ധാരാളം പാനീയങ്ങള്‍ കുടിക്കാനും നിര്‍ജലീകരണം ഒഴിവാക്കാനും ശ്രദ്ധിക്കണം. വിശ്രമമാണ് പ്രധാനം. 3 ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന പനിയോ മറ്റ് അപായ സൂചനകളോ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടണം. ശക്തമായ വയറുവേദന,നീണ്ടുനില്‍ക്കുന്ന ഛര്‍ദ്ദി,കഠിനമായ ക്ഷീണം, തൊലിപ്പുറത്തും മോണകളിലും ചുവന്ന പാടുകളോ രക്തസ്രാവമോ അപായ സൂചനകളാണ്. ഇവ കണ്ടാല്‍ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ തേടണം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article