പന്തീരാങ്കാവ് യുഎ‌പിഎ കേസിൽ ത്വാഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Webdunia
വ്യാഴം, 28 ഒക്‌ടോബര്‍ 2021 (13:51 IST)
പന്തീരാങ്കാവ് യുഎ‌പിഎ കേസിൽ ത്വാഹ ഫസലിന് ജാമ്യം. കേസിൽ മറ്റൊരു പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎ ആവശ്യവും സുപ്രീം കോടതി തള്ളി. ഇരുവർക്കുമെതിരെ മതിയായ തെളിവുകളില്ലെന്ന എൻ‌ഐഎ കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു.
 
മാവോയിസ്റ്റ് ബന്ധത്തിന് അലനും ത്വാഹക്കുമെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന എൻ.ഐ.എ വാദമാണ് സുപ്രീംകോടതി തള്ളിയത്. പുസ്തകങ്ങൾ, ലഘുലേഖകൾ, പ്ലക്കാർഡുകൾ, ഡയറി കുറിപ്പുകൾ എന്നിവയാണ് ഇരുവർക്കുമെതിരെ പ്രധാന തെളിവുകളാ‌യി എൻഐഎ കോടതിയിൽ നിരത്തിയത്. ഇവർ ഭീകരപ്രവര്‍ത്തനം നടത്തിയതിനുള്ള തെളിവുകളുണ്ടെന്നും എൻഐഎ വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി. 
 
കേസിലെ രണ്ടാം പ്രതിയായ ത്വാഹക്ക് ജാമ്യം നൽകിയ സുപ്രീംകോടതി, ഒന്നാം പ്രതി അലൻ ഷുഹൈബിന് ഹൈക്കോടതി നൽകിയ ജാമ്യവും ശരിവെച്ചു. ഇപ്പോൾ ജയലിലുള്ള ത്വാഹയെ പ്രത്യേക കോടതിയിൽ ഹാജരാക്കി ജാമ്യനടപികൾ ഒരാഴ്ചക്കുള്ളിൽ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. 2019 നവംബര്‍ മാസത്തിലായിരുന്നു അലനെയും ത്വാഹയേയും മാവോയിസ്റ്റ് ബ‌ന്ധം ആരോപിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എയും ചുമത്തിയത്. പിന്നീട് കേസ് എൻ.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു.
 
 
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളായ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത് വലിയ വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സുപ്രീം കോടതി വിധിയോടെ സംസ്ഥാന സർക്കാരിന്റെ വാദങ്ങളും കോടതി തള്ളികളഞ്ഞിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article