വിദേശകാര്യസഹമന്ത്രി സൗദിയിലുള്ളതിനാല്‍ ജലീല്‍ പോകേണ്ടതില്ല; വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലം - എതിര്‍പ്പ് ശക്തമായതോടെ പ്രസ്‌താവനയുമായി കേന്ദ്രം

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (20:59 IST)
തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി മന്ത്രി കെടി ജലീല്‍ സൗദിയിലേക്ക് പോകേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നിലവില്‍ വിദേശകാര്യസഹ മന്ത്രി വികെ സിംഗ് സൗദിയിലുണ്ട്. നയതന്ത്ര പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് തടസമില്ല. എന്നാല്‍ മന്ത്രിതല സന്ദര്‍ശനത്തിന് അപേക്ഷിച്ച സമയം ഉചിതമല്ലെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണ്. വിദേശ സന്ദര്‍ശനങ്ങളുടെ കാര്യത്തില്‍ സമയക്രമം പാലിക്കേണ്ടതുണ്ട്. ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ വേണ്ടത് ചെയ്യുമെന്ന് സൗദി ഉറപ്പ് നല്‍കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും അവിടെ തുടരാന്‍ താൽപര്യമുള്ളവരുടെയും പട്ടിക ഇതിനോടകം സൗദി ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്നും വികാസ് സ്വരൂപ് അറിയിച്ചു.

സൗദിയിലെ മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി സൗദി യാത്രയ്ക്കൊരുങ്ങിയ മന്ത്രി കെടി ജലീലിന്റെ യാത്ര മുടങ്ങിയിരുന്നു. ഈ വിഷയത്തിലാണ് കേന്ദ്രം പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ടോയെന്ന് വിഷയം ലോക്സഭയില്‍ ഉന്നയിച്ച കെസി വേണുഗോപാല്‍ ചോദിച്ചതോടെയാണ് വിഷയം വിവാദമായത്.
Next Article