സരിത ജനുവരി 26ന് വിളിച്ചിരുന്നു; സത്യം തുറന്നു പറയാന്‍ താന്‍ ആവശ്യപ്പെട്ടെന്നും പിസി ജോര്‍ജ്

Webdunia
വ്യാഴം, 28 ജനുവരി 2016 (11:12 IST)
സോളാര്‍ കമ്മീഷനില്‍ മുമ്പില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിതയ്ക്ക് പിന്തുണയുമായി സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്‍. സരിതയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോര്‍ജ്.
 
ജനുവരി 26 ആം തിയതി സരിത തന്നെ വിളിച്ചിരുന്നു. സോളാര്‍ കമ്മീഷനില്‍ മൊഴി നല്കുമ്പോള്‍ സത്യം തുറന്നു പറയാന്‍ താന്‍ നിര്‍ദ്ദേശിച്ചതായും പി സി ജോര്‍ജ് പറഞ്ഞു. സോളാറിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തുറന്നു പറയാനും സരിതയോട് താന്‍ പറഞ്ഞതായി പി സി ജോര്‍ജ് പറഞ്ഞു.
 
സരിതയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ പി സി ജോര്‍ജ് ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് പി സി ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്. ആരോപണങ്ങള്‍ക്കു പിന്നില്‍ പി സി ജോര്‍ജ് ഉണ്ടോ എന്ന ചോദ്യത്തിന് ചിലര്‍ ഇപ്പോഴും ഇത്തരത്തില്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിനും അപ്പുറത്തുള്ളത് നടത്താനുള്ള നീക്കത്തിലാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.