ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രി കുടുംബവും ഹിന്ദു സംഘടനകളടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ പന്തളം കൊട്ടാര പ്രതിനി ശശികുമാര വര്‍മ്മ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
ദേവസ്വം ബോര്‍ഡിന്റെ നിലപാട് തൃപ്തികരമല്ലെന്ന് പുറത്തുവന്ന ശശികുമാര വര്‍മ്മ വ്യക്തമാക്കി. ബോര്‍ഡിന്റെ നിലപാട് ദുഖകരമാണ്. സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന ആവശ്യം ഈ മാസം 19ന് യോഗം ചേര്‍ന്ന് തീരുമാനമെടുക്കാമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് യോഗത്തില്‍ നിന്ന് ഇറങ്ങി പോന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു സംഘടനകളടക്കമുള്ളവരുമായി കൂടിയാലോചിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ശശികുമാര വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചര്‍ച്ച ഒരിക്കലും പൂര്‍ണ പരാജയമല്ലെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു. 19ന് ബോര്‍ഡ് യോഗം ചേരും. ഇനിയും പന്തളും കുടുംബവുമായും മറ്റ് സംഘടനകളുമായും ദേവസ്വം ബോർഡ് ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കണമെന്നായിരുന്നു പന്തളം കൊട്ടാരം, തന്ത്രികുടുംബം, അയ്യപ്പസേവാസംഘം പ്രതിനിധികളുടെ ആവശ്യം. ഇതായിരുന്നു ചര്‍ച്ച പരാജയപ്പെടാനുണ്ടായ കാരണം.