ശബരിമല അനിശ്ചിതകാലത്തേക്ക് അടച്ചിടുമോ? യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ അയഞ്ഞില്ലെങ്കില്‍ കടുത്ത നിലപാടെടുക്കാന്‍ തന്ത്രി കുടുംബം തയ്യാറായേക്കുമെന്ന് സൂചന

Webdunia
വെള്ളി, 12 ഒക്‌ടോബര്‍ 2018 (11:05 IST)
ശബരിമല യുവതി പ്രവേശ വിവാദം പുതിയ ഘട്ടത്തിലേക്ക്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടായില്ലെങ്കില്‍ കടുത്ത നടപടികള്‍ കൈക്കൊള്ളാന്‍ തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ഒരുങ്ങുന്നതായി സൂചനകള്‍.
 
യുവതി പ്രവേശം ഉണ്ടായാല്‍ അന്നുതന്നെ ശബരിമല അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ ആലോചനകള്‍ നടക്കുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്നിധാനം അശുദ്ധമായെന്ന കാരണത്താല്‍ പുണ്യാഹം തളിക്കുന്നതിനായാണ് നട അടയ്ക്കുക. എന്നാല്‍ യുവതി പ്രവേശം സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദിവസവും പുണ്യാഹം തളിക്കുന്നത് അസാധ്യമാകുമെന്നും അതിനാല്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ക്ഷേത്രം തുറക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 
ആചാരങ്ങളുടെ കാര്യത്തില്‍ പൂര്‍ണമായ അധികാരം തന്ത്രികുടുംബത്തിനാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ തന്ത്രി കുടുംബത്തിനും പന്തളം കൊട്ടാരത്തിനും കഴിയും. തന്ത്രി കുടുംബത്തെയും പന്തളം കൊട്ടാരത്തെയും അവഗണിച്ചുകൊണ്ട് ശബരിമലയില്‍ ഒരു തീരുമാനവും കൈക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്.
 
എന്തായാലും സര്‍ക്കാരും തന്ത്രികുടുംബവും നിലപാടുകളില്‍ ഉറച്ചുനിന്നാല്‍ ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനകാലം വിവാദങ്ങളുടെ പെരുമഴക്കാലമായിരിക്കുമെന്ന് തീര്‍ച്ച.

അനുബന്ധ വാര്‍ത്തകള്‍

Next Article