‘സുപ്രീംകോടതി വിധി നിരാശാജനകം, നടക്കുന്നത് നാഥനില്ലാത്ത സമരം’; ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി
വ്യാഴം, 11 ഒക്‌ടോബര്‍ 2018 (18:29 IST)
ശബരിമല സ്‌ത്രീപ്രവേശനത്തില്‍ നിലപാട് മാറ്റി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.
സുപ്രീംകോടതി വിധി നിരാശാജനകമാണ്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണം. പ്രതിഷേധങ്ങളില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ഭരണഘടനാ ബാധ്യത നിറവേറ്റാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്‌ത്രീപ്രവേശനത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണം. പ്രതിഷേധങ്ങള്‍ക്ക് മുമ്പ് ഹൈന്ദവ സംഘടനകള്‍ യോഗം വിളിക്കണമായിരുന്നു. ശബരിമലയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് നാഥനില്ലാത്ത സമരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സർക്കാരിനെതിരെ തെരുവിൽ നടക്കുന്ന സമരം സംഘർഷം ഉണ്ടാക്കാനേ ഇടയാക്കുകയുള്ളൂ. വിശ്വാസികളായ സ്ത്രീകള്‍ തുടര്‍ന്നും ശബരിമലയില്‍ പ്രവേശിക്കില്ല എന്നതുകൊണ്ട് കോടതി വിധി അപ്രസക്തമാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
ശബരിമലയിലെ സ്ത്രീപ്രവേശന വിധി നിരാശാജനകവും സമൂഹത്തില്‍ വേര്‍ത്തിരിവ് സൃഷ്ടിക്കാന്‍ ഇടയാക്കി. ആചാരങ്ങള്‍ പാലിക്കേണ്ടതും നിയമങ്ങള്‍ അനുസരിക്കേണ്ടതുമാണ്. വിഷയത്തിൽ എസ്എൻഡിപി ഭക്തരുടെ കൂടെയാണെന്നും യോഗം ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്‌ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരങ്ങളെ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി തള്ളി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം നിലപാടില്‍ മാറ്റം വരുത്തിയത്.