മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച സംഭവം: വീട്ടമ്മയ്‌ക്കെതിരേ കേസ്
വ്യാഴം, 11 ഒക്‌ടോബര്‍ 2018 (10:34 IST)
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ച സ്‌ത്രീക്കെതിരെ കേസെടുത്തു. പത്തനംതിട്ട ചെറുകോൽ സ്വദേശി മണിയമ്മക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്.
എസ്എന്‍ഡിപി യോഗം ഭാരവാഹി വി സുനിൽകുമാർ നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്തത്.
ജാതിപ്പേര് വിളിച്ചത് തനിക്കും സമുദായത്തിനും മാനഹാനിക്ക് ഇടയാക്കി, കേരളത്തിൽ വർഗീയ കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനപ്പൂർവം ഈ വീഡിയോ പോസ്റ്റ് ചെയ്‌തു, ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണം എന്നീ ആവശ്യങ്ങളും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്
ശബരിമല വിഷയത്തില്‍ വിവിധ ഹിന്ദു സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് മണിയമ്മ മുഖ്യമന്ത്രിയെ ജാതിപ്പേരു പറഞ്ഞ് അവഹേളിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പിണറായി വിജയൻ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കൻ മേഖലയിൽ ഇഴവരെ ചോകോൻ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേർത്താണ് പിണറായിയെ മണിയമ്മ അധിക്ഷേപിച്ചത്.