സ്വപ്‌ന സുരേഷിന് നിയമസഹായം ചെയ്തുകൊടുക്കുന്നത് ആര്‍എസ്എസ് അനുകൂലിയായ അഭിഭാഷകന്‍; ദുരൂഹത

Webdunia
വ്യാഴം, 9 ജൂണ്‍ 2022 (20:09 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയാണ്. സ്വപ്‌നയുടെ ആരോപണങ്ങളുടെ മറപിടിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും ലക്ഷ്യമിടുന്നത്. എന്നാല്‍, സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ട സമയത്ത് സര്‍ക്കാരിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ ആരോപണങ്ങളൊന്നും ഉന്നയിക്കാത്ത സ്വപ്‌ന പെട്ടന്ന് ഒരു ദിവസം വന്ന് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. 
 
സ്വപ്‌ന സുരേഷിന് ഇപ്പോള്‍ നിയമസഹായം നല്‍കുന്നത് ആര്‍എസ്എസ് അനുകൂലിയായ അഭിഭാഷകനാണ്. ആര്‍എസ്എസുമായും ബിജെപിയുമായും വളരെ അടുത്ത ബന്ധമുള്ള അഭിഭാഷകനാണ് കൃഷ്ണ രാജ്. സ്വപ്‌നയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളിലെ ഗൂഢലക്ഷ്യം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്വപ്‌നക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സ്വപ്‌ന കോടതിയെ സമീപിക്കുകയായിരുന്നു. സ്വപ്‌നയുടെ ജാമ്യ ഹര്‍ജിയുമായി കോടതിയിലെത്തിയത് അഭിഭാഷകന്‍ കൃഷ്ണ രാജാണ്. 
 
മുഖ്യമന്ത്രിക്കെതിരായ ഇപ്പോഴത്തെ ആരോപണങ്ങളില്‍ ബിജെപിക്കും ആര്‍എസ്എസിനും പങ്കുണ്ടെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. അഭിഭാഷകന്‍ കൃഷ്ണരാജിന്റെ ഇടപെടലാണ് ദുരൂഹതയ്ക്ക് കാരണം. മാത്രമല്ല സ്വപ്‌ന ഇപ്പോള്‍ ജോലി ചെയ്യുന്നത് ആര്‍എസ്എസ് അനുകൂല എന്‍ജിഒയില്‍ ആണ്. ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നു. സ്വപ്‌നയുടെ വെളിപ്പെടുത്തലുകളില്‍ വിശദമായ അന്വേഷണം നടത്തി ഇതിനു പിന്നില്‍ ആരാണെന്ന് പുറത്തുകൊണ്ടുവരണമെന്നാണ് ഇടത് മുന്നണിയുടെ നിലപാട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article