സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് റിപ്പബ്ലിക് ദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലാണ് ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തിയത്. രാവിലെ 9.10 നായിരുന്നു പതാക ഉയർത്തൽ. ചടങ്ങിന് പൊലീസ് വൻസുരക്ഷ ഒരുക്കിയിരുന്നു.
നേരത്തെ റിപ്പബ്ലിക് ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ ആയിരിക്കണമെന്ന് വ്യക്തമാക്കി കേരളാ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ ആരാണ് പതാക ഉയര്‍ത്തേണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, വ്യാസവിദ്യാപീഠം സ്കൂൾ സിബിഎസ്ഇക്കു കീഴിലായതിനാൽ സർക്കാർ നിർദ്ദേശം ബാധകമല്ലെന്നാണ് ആർഎസ്എസ് വാദം.
പതാക ഉയർത്തൽ ചടങ്ങിൽ സ്കൂൾ അധികൃതരെ കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ആർഎസ്എസ് സംസ്ഥാന നേതാക്കൾ, ബിജെപി സംഘടനാ സെക്രട്ടറിമാർ, മറ്റു പരിവാർ സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.