ഇളയരാജയ്ക്കും പി പരമേശ്വരനും പത്മവിഭൂഷന്‍, മാര്‍ ക്രിസോസ്റ്റത്തിനും എം‌എസ് ധോണിക്കും പത്മഭൂഷണ്‍

Webdunia
വ്യാഴം, 25 ജനുവരി 2018 (22:22 IST)
സംഗീതസംവിധായകന്‍ ഇളയരാജയ്ക്കും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷന്‍. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്കും പത്മഭൂഷന്‍. പാരമ്പര്യ വിഷ ചികിത്സാമേഖലയില്‍ പ്രശസ്തയായ വിതുര സ്വദേശി ലക്ഷ്മിക്കുട്ടി, ഡോ. എം ആര്‍ രാജഗോപാല്‍ എന്നീ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ പത്മശ്രീയ്ക്കും അര്‍ഹരായി. 
 
എയര്‍മാര്‍ഷല്‍ ചന്ദ്രശേഖര്‍ ഹരികുമാര്‍ പരമവിശിഷ്ട സേനാ മെഡലിന് അര്‍ഹനായി. ജെ പി നിരാലയ്ക്ക് മരണനന്തരബഹുമതിയായി അശോകചക്ര സമ്മാനിക്കും.
 
1926ല്‍ ജനിച്ച പി പരമേശ്വരന്‍ ആര്‍എസ്എസ് പ്രസ്ഥാനങ്ങളുടെയും ഭാരതീയ ജനസംഘത്തിന്‍റെയും താത്വികാചാര്യനായിരുന്നു. 1982ലാണ് തിരുവനന്തപുരം ആസ്ഥാനമായി ഭാരതീയ വിചാരകേന്ദ്രം ആരംഭിക്കുന്നത്. അന്നുമുതല്‍ കേന്ദ്രത്തിന്‍റെ ഡയറക്ടറാണ് പരമേശ്വര്‍ജി എന്ന് ഏവരും വിളിക്കുന്ന പി പരമേശ്വരന്‍.
 
ഈ വര്‍ഷം നൂറാം വയസിലേക്ക് പ്രവേശിക്കുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കൊല്ലം ഭദ്രാസനാധ്യക്ഷന്‍, തുമ്പമണ്‍ ഭദ്രാസനാധ്യക്ഷന്‍, ഇരുപതാം മാര്‍ത്തോമ്മാ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണ്. 
 
സുഭാഷിണി മിസ്ത്രി, വിജയലക്ഷ്മി നവനീതകൃഷ്ണന്‍, ലെന്‍റിന അവോ താക്കര്‍, മുരളീകാന്ത് പെട്കര്‍, ഭജ്ജു ശ്യാം, അരവിന്ദ് ഗുപ്ത, അന്‍‌വര്‍ ജലാല്‍‌പുര്‍, രാജഗോപാലന്‍ വാസുദേവന്‍, ഇബ്രാഹിം സത്താര്‍ തുടങ്ങിയവര്‍ക്ക് പത്മശ്രീ ലഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article