പാർട്ടി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നത്തിൽ നിന്നും കരകയറ്റാൻ കയ്പമംഗലത്ത് മത്സരിക്കാമെന്ന് ആർ എസ് പി നേതാവ് ബാബു ദിവാകരൻ അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിസന്ധിയിൽ നിന്നും പാർട്ടി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് മത്സരത്തിനിറങ്ങാമെന്നാണ് ബാബു വ്യക്തമാക്കിയത്.
കയ്പമംഗലത്ത് മത്സരിക്കാൻ താൽപര്യമുണ്ടെന്ന കാര്യം ബാബു പാർട്ടിയെ അറിയിച്ചു.
അതേസമയം കയ്പമംഗലം മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാനും ആലോചനകൾ നടക്കുന്നുണ്ട്. പയ്യന്നൂരോ കല്യാശേരിയോ നൽകിയാൽ മാത്രമേ കയ്പമംഗലം നൽകുവുള്ളുവെന്ന് ആർ എസ് പി വ്യക്തമാക്കി.
കയ്പമംഗലത്ത് ആര്‍ എസ് പി സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന നൂറുദ്ദീന്‍ പിന്‍മാറിയതോടെയാണ് സീറ്റ് തര്‍ക്കം തീരുമാനമാകാതെ പോയത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുന്നതിനായി ആർ എസ് പി ഇന്ന് സെക്രട്ടേറിയറ്റ് യോഗം ചേരും.