ചുരുങ്ങിയ സമയത്തില്‍ പെയ്യുന്ന തീവ്രമഴ റോഡ് തകര്‍ച്ചയ്ക്കു കാരണമാകുന്നതിനാല്‍ റോഡ് നിര്‍മാണത്തില്‍ പുതിയ രീതികള്‍ അവലംബിക്കേണ്ടത് അവശ്യമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. മഴപ്പെയ്ത്തിന്റെ രീതി മാറിയിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീവ്ര മഴയാണ് ലഭിക്കുന്നത്. ഈ വലിയ അളവില്‍ ജലത്തെ ഉള്‍ക്കൊള്ളാന്‍ ഭൂമിക്കോ റോഡിന്റെ വശത്തുള്ള ഓടകള്‍ക്കോ സാധിക്കുന്നില്ല. ഫലമായി റോഡ് തകരുന്നു. മാറിയ മഴയെ, പ്രകൃതിയെ പ്രതിരോധിക്കാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുത്തന്‍ നിര്‍മാണ രീതികള്‍ വേണം. എന്നാല്‍ നാം ഇപ്പോഴും പഴയ രീതികള്‍ പിന്തുടരുകയാണ്.
ദീര്‍ഘകാലം നിലനില്‍ക്കുന്ന, സുസ്ഥിരമായതും ചെലവ് കുറഞ്ഞതുമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മാണ രീതിയാണ് അഭികാമ്യം. പ്രീ-കാസ്റ്റ് മെറ്റീരിയലുകള്‍ കൂടുതലായി പ്രയോജനപ്പെടുത്തി, എല്ലാ കാലാവസ്ഥയിലും ബിറ്റുമിന്‍ ഒക്കെ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണ രീതി വികസിപ്പിക്കേണ്ടതുണ്ട്. കെ.എച്ച്.ആര്‍.ഐ ഈ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കണം.