അരി വിലക്കയറ്റത്തില്‍ തിളച്ച് നിയമസഭ: വില വര്‍ധനവ് നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി; പിടിപ്പുകേടെന്ന് പ്രതിപക്ഷം

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (11:36 IST)
അട്ടിമറി കൂലിയും തൊഴിലാളി പ്രശ്‌നവുമാണ് സംസ്ഥാനത്തുണ്ടായ അരിവില വര്‍ധനയ്ക്ക് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള വീഴ്ചയുണ്ടായിട്ടില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് അരിവിഹിതം പുനസ്ഥാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും നിയമസഭയില്‍ അദ്ദേഹം പറഞ്ഞു.  
 
വടക്കേ ഇന്ത്യയിലെ കടുത്ത വരള്‍ച്ചയും കേന്ദ്രവിഹിതം വെട്ടിക്കുറച്ചതുമാണ് അരിവില വര്‍ധിക്കാന്‍  കാരണമായതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. അരിയുടെ വിലയില്‍ 21 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് ബ്രാന്‍ഡഡ് അരികള്‍ക്കാണെന്നും മന്ത്രി അറിയിച്ചു.  വില വര്‍ധന തടയാന്‍ ബജറ്റില്‍ 150 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്നും തിലോത്തമന്‍ പറഞ്ഞു. 
 
അതേസമയം, അരിയുടെ വില വര്‍ധിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാറിന്റെ പിടിപ്പുകേടാണ് അരിവില വര്‍ധനയ്ക്ക് പിന്നിലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് കിട്ടിയ അരിവിഹിതം വിതരണം ചെയ്യാത്തതാണ് അരിവില വര്‍ധനയ്ക്ക് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.  
Next Article