അതിദരിദ്രര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം ജനുവരി ആദ്യവാരം പൂര്‍ത്തിയാകും

Webdunia
തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (11:00 IST)
അതിദരിദ്രനിര്‍ണയ പ്രക്രിയയുടെ ഭാഗമായി കേരളത്തില്‍ റേഷന്‍ കാര്‍ഡില്ലാത്ത മുഴുവന്‍ അതിദരിദ്രര്‍ക്കും കാര്‍ഡ് അനുവദിച്ചു നല്‍കാന്‍ നടപടികള്‍ ഊര്‍ജിതമാക്കി. ആവശ്യമായ രേഖകളില്ലാത്തവര്‍ക്ക് സമയബന്ധിതമായി രേഖകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍.അനില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നു ചേര്‍ന്ന ജില്ലാകളക്ടര്‍മാരുടെ യോഗത്തിലാണ് മന്ത്രി ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
 
റേഷന്‍ കാര്‍ഡില്ലാത്ത 7181 അതിദരിദ്രര്‍ സംസ്ഥാനത്തുണ്ടെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് കണ്ടെത്തിയത്. ഇതില്‍ ആധാര്‍ കാര്‍ഡുള്ള 2411 പേര്‍ക്ക് റേഷന്‍ കാര്‍ഡില്ലായെന്നും 4770 പേര്‍ക്ക് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമില്ലായെന്നും കണ്ടെത്തി. ആധാര്‍ കാര്‍ഡുള്ളവരില്‍ റേഷന്‍ കാര്‍ഡില്ലാത്തവരായ 867 പേര്‍ക്ക് പുതിയതായി കാര്‍ഡ് വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. മരണപ്പെട്ടതും സ്ഥലത്തില്ലത്തതുമൊഴികെ ബാക്കി നല്‍കാനുള്ള 153 പേര്‍ക്കും ഉടന്‍ കാര്‍ഡ് അനുവദിക്കും.
 
ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമില്ലാത്തവരില്‍ 191 പേര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കി റേഷന്‍കാര്‍ഡ് അനുവദിച്ചു. റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായതിനാല്‍ ജില്ലകളില്‍ ക്യാമ്പ് നടത്തി അതിദരിദ്രര്‍ക്ക് ആധാര്‍ നല്‍കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പിനെയും ബന്ധപ്പെട്ട ഇതര വകുപ്പുകളെയുമുള്‍പ്പെടുത്തി ഡിസംബര്‍ 31 നകം എല്ലാ നടപടികളും പൂര്‍ത്തിയാക്കും. ജനുവരി ആദ്യവാരം തന്നെ എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് ലഭ്യമാക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article