കാസർഗോട്: കാസർഗോട് ബദിയടുക്കയിൽ പിഞ്ചു സഹോദരങ്ങൾ പനി ബാധിച്ച് മരിച്ചു. അപൂർവയിനം വൈറസ് ശരീരത്തിൽ പ്രവേശിച്ചതാണ് പനി മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ബർക്കോൾ ഡേറിയ സൂഡോമലിയ മെലിയോഡോസിസ് എന്ന രോഗ ലക്ഷണങ്ങൾ മംഗളുരു രക്ത സാംപിൾ പരിശോധനയിൽ കണ്ടെത്തിയെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മണ്ണിലൂടെയും പകരുന്ന അസുഖമാണ് ബർക്കോൾ ഡേറിയ സൂഡോമലിയ മെലിയോഡോസിസ്. അപൂർവമായി ഇത് വായുവിലൂടെയും പകരാറുണ്ട്. ഇന്ന് വൈകിട്ട് അന്തിമ റിപ്പോർട്ട് ലഭിക്കും. പ്രായമായവരെയും രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയുമാണ് രോഗം കൂടുതലായും ബാധിക്കാറുള്ളത്
ശരീരഭാഗങ്ങളിൽ മുറിവുകൾ ഉള്ളവർ കെട്ടിക്കിടക്കുന്ന ചെളിയിലോ വെള്ളത്തിലോ ഇറങ്ങുമ്പോൾ മുറിവുകളിലേക്ക് അണുക്കൾ പ്രവേശിക്കാതെ ശ്രദ്ധിക്കണം എന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ബർക്കോൾ ഡേറിയ സൂഡോമലിയ മെലിയോഡോസിസ് ഒറ്റപ്പെട്ട രീതിയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.