സ്ത്രീധനത്തെച്ചൊല്ലി വീട്ടുകാര്‍ ഭാര്യയെ പീഡിപ്പിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Webdunia
ശനി, 27 ജൂണ്‍ 2015 (13:33 IST)
സ്ത്രീധനം കുറഞ്ഞെന്ന കാരണം പറഞ്ഞ് മാതാപിതാക്കള്‍ ഭാര്യയെ പീഡിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയതായി പരാതി. പന്തളം പൂഴിക്കാട് സ്വദേശി ജോയിയുടെ മകന്‍ ജോണ്‍സനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. കൂലിപ്പണിക്കാരനായ ജോണ്‍സണ്‍ വീട്ടിലില്ലാത്ത സമയത്ത് പിതാവും മാതാവും ചേര്‍ന്ന് ഭാര്യ രാജിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പറയുന്നത്. മകന് അര്‍ഹിച്ച സ്ത്രീധനം കിട്ടിയില്ലെന്നായിരുന്നു ഇരുവരുടെയും പരാതി.

കഴിഞ്ഞദിവസവും പീഡനം തുടര്‍ന്നു.ഇതേത്തുടര്‍ന്ന് ഭാര്യയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം വീട്ടിലെത്തി ജോണ്‍ തൂങ്ങിമരിക്കുകയായിരുന്നു. മരിച്ച യുവാവിന്റെ ഭാര്യയാണ് പരാതിയുമായി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഉപദ്രവമെന്ന് മരിച്ചയാളുടെ ഭാര്യ പറയുന്നു.