ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്തിയ വേദിയില്‍ എഴുന്നേറ്റ് നില്‍ക്കാതിരുന്ന ഋഷിരാജ് സിംഗിനെതിരെ കേരളസമൂഹം തന്നെ പ്രതികരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ ഫേസ്‌ബുക്കില്‍. ഋഷിരാജ് സിംഗ് തകർത്തത് വർഷങ്ങളായി കേരള പൊലിസ് കാത്തുസൂക്ഷിച്ചുവരുന്ന അച്ചടക്കമാണ്. ആഭ്യന്തരമന്ത്രിയുടെ കീഴിലാണ് കേരളത്തിലെ മുഴുവൻ പൊലീസ് സേനയുമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ അല്ല കേരളത്തിന്റെ ആഭ്യന്തര മന്ത്രിയെയാണ് ഋഷിരാജ് സിംഗ് അപമാനിച്ചത്. സേനയിലെ ഒരു ഉദ്യോഗസ്ഥനും മന്ത്രിയുടെ മുകളിൽ അല്ല. തികച്ചും ജനാധിപത്യ വിരുദ്ധതയും അച്ചടക്ക ലംഘനവുമാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായത്. കർശന നടപടിയാണ് ഇതിനെതിരേ സ്വീകരിക്കേണ്ടതെന്നും പന്തളം ഫേസ്‌ബുക്കില്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രിയുടെ മാന്യത സർക്കാരിന്റെ ദൗർബല്യമായി മാറരുത്. വേദിയിലുണ്ടായിരുന്ന ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ആഭ്യന്തരമന്ത്രിയെ സല്യൂട്ട് ചെയ്തു സ്വീകരിക്കുമ്പോഴും അലക്ഷ്യഭാവത്തിലിരുന്ന സിംഗിന്റെ പെരുമാറ്റം തികച്ചും ബോധപൂർവമാണ് എന്നു വ്യക്തമാണെന്നും പന്തളം സുധാകരൻ കൂട്ടിച്ചേര്‍ത്തു.