ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി അധികാരദുർവിനിയോഗവും സത്യാപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ച് ജലീലിന് രക്ഷപെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതിനിടെ, മകന് സിവിൽ സർവീസ് പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കാൻ താൻ ഇടപെടൽ നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചെന്നിത്തല കോന്നിയിൽ പറഞ്ഞു. ഡൽഹിയിൽ പോയത് മകന്റെ ഇന്റർവ്യൂവിന് വേണ്ടിയാണ്. എല്ലാ കുട്ടികളുടെയും മാതാപിതാക്കളാണ് സ്‌കൂളിൽ ചേർക്കാനും അഭിമുഖത്തിനും മറ്റും ഒപ്പം പോകാറുള്ളത്. സിവിൽ സർവീസ് ഇന്റർവ്യൂവിന് പോകാൻ മകന് വേറെ അച്ഛനെ ഉണ്ടാക്കി നൽകാൻ കഴിയുമോ എന്നും ചെന്നിത്തല ചോദിച്ചു.
മകനൊപ്പം പോയത് ലോബിയിങ് ആണെന്നുള്ള ആരോപണം ചെന്നിത്തല തള്ളി. കൂടാതെ എൻഎസ്എസ് ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന ശരിദൂര നിലപാടിനെ ചെന്നിത്തല പിന്തുണച്ചു. ചെങ്ങന്നൂരിൽ നടന്ന ഉപതെരിഞ്ഞെടുപ്പിൽ അവർ സമദൂര നിലപാടാണ് സ്വീകരിച്ചത്. അന്ന് സിപിഎമ്മിന് അതിന്റെ ഗുണം കിട്ടി. എന്നാൽ ഇപ്പോൾ ശരിദൂര നിലപാട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചെന്നിത്തല ചോദിച്ചു. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് മാത്രമാണ് ഇക്കാര്യത്തിൽ സിപിഎമ്മിന് നൽകാനുള്ള മുന്നറിയിപ്പെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.