ചെന്നിത്തലയുടെ ലക്ഷ്യം മുഖ്യമന്ത്രിക്കസേര; ശ്രദ്ധയോടെ നീങ്ങാന്‍ സതീശന്‍

രേണുക വേണു
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (13:13 IST)
കോണ്‍ഗ്രസില്‍ വി.ഡി.സതീശനെതിരെ പടയൊരുക്കം. പാര്‍ട്ടിയെ പൂര്‍ണമായി തന്റെ വരുതിയിലാക്കാന്‍ സതീശന്‍ ശ്രമിക്കുകയാണെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ ഇതിനോടകം 'റബര്‍ സ്റ്റാംപ് പ്രസിഡന്റ്' എന്ന നിലയിലേക്ക് മാറ്റിക്കഴിഞ്ഞു. നിലവിലെ ആധിപത്യം സതീശന്‍ തുടര്‍ന്നാല്‍ പാര്‍ട്ടി പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പ്രമുഖരായ ചില നേതാക്കള്‍ ഒറ്റക്കെട്ടായി സതീശനെതിരെ പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. 
 
രമേശ് ചെന്നിത്തലയാണ് സതീശനെതിരായ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. കെ.സുധാകരന്റെ പിന്തുണയും ചെന്നിത്തലയ്ക്കുണ്ട്. കേരളത്തില്‍ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആണ് സതീശനെതിരെ നിലകൊള്ളുന്ന മറ്റൊരു പ്രമുഖ നേതാവ്. മുന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ജനകീയ മുഖം കൂടിയായതിനാല്‍ ചെന്നിത്തലയെ മുന്നില്‍നിര്‍ത്തി കരുക്കള്‍ നീക്കുന്നതില്‍ വേണുഗോപാലിനും സുധാകരനും ഒരുപോലെ പങ്കുണ്ട്. തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാന്‍ സതീശന്‍ പലവട്ടം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സുധാകരന്റെ ആരോപണം.
 
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചുമതല നല്‍കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മനെ പരസ്യമായി പിന്തുണച്ചാണ് ചെന്നിത്തല സതീശനെതിരായ ആദ്യ കൗണ്ടര്‍ അറ്റാക്ക് നടത്തിയത്. ഉമ്മന്‍ചാണ്ടി പക്ഷക്കാരായ നേതാക്കളെ തനിക്കൊപ്പം നിര്‍ത്തുകയാണ് ഇതിലൂടെ ചെന്നിത്തല ലക്ഷ്യമിടുന്നത്. 
 
ഉമ്മന്‍ചാണ്ടി വിഭാഗക്കാരായ കെ.സി.ജോസഫ്, ബെന്നി ബെഹനാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി.വിഷ്ണുനാഥ്, വി.ടി.ബല്‍റാം തുടങ്ങിയവരും ചെന്നിത്തലയ്ക്കു രഹസ്യ പിന്തുണ നല്‍കുന്നുണ്ട്. ചാണ്ടി ഉമ്മന്റെ അതൃപ്തിയെ ആയുധമാക്കിയാണ് സതീശന്റെ ആധിപത്യത്തെ ചെന്നിത്തല വെല്ലുവിളിക്കുന്നത്. 2026 ല്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാനുള്ള നീക്കങ്ങള്‍ സതീശന്‍ നടത്തുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് സതീശന്‍ വിഭാഗത്തെ ദുര്‍ബലമാക്കാന്‍ എ, ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പല മുതിര്‍ന്ന നേതാക്കളും ചെന്നിത്തലയ്ക്കൊപ്പം നില്‍ക്കുന്നത്. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ യുവനേതാക്കളാണ് സതീശന്റെ ആയുധം.
 
തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ നിലവിലെ ഗ്രൂപ്പ് പോര് കോണ്‍ഗ്രസില്‍ രൂക്ഷമാകാനാണ് സാധ്യത. സീറ്റ് വിഭജനത്തിന്റെ സമയത്ത് വി.ഡി.സതീശന്‍ വിഭാഗത്തിനു വെല്ലുവിളി ഉയര്‍ത്തി തങ്ങളുടെ നോമിനികളെ പല സീറ്റുകളിലേക്കും നിര്‍ദേശിക്കാനാണ് ചെന്നിത്തല പക്ഷത്തിന്റെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

Next Article