മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്. പയ്യമ്പള്ളിയിലെ മാതനെയാണ് വിനോദസഞ്ചാരികളായെത്തിയ ഒരു സംഘം റോഡിലൂടെ വലിച്ചിഴച്ചത്. ചെക്ക് ഡാമിന് സമീപം രണ്ട് വിനോദസഞ്ചാര സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ഇത് തടയാന്‍ മാതനെത്തുകയുമായിരുന്നു.
പിന്നാലെ അക്രമികള്‍ മാതന്റെ കൈപിടിച്ച് റോഡിലൂടെ കാറില്‍ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു. അരയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ആദിവാസി യുവാവ്. സംഭവത്തില്‍ കര്‍ശന നടപടി എടുക്കണമെന്ന് രാധാകൃഷ്ണന്‍ എംപി പറഞ്ഞു. പൈസ ഉണ്ടെന്നു കരുതി എന്തും കാണിക്കാമെന്ന ധാരണ പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി കര്‍ശനമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.