കാലവർഷം തുണച്ചില്ല; കർഷകർ കണ്ണുനീരിൽ, കതിരുകളെല്ലാം പതിരുകളാകുമോ?

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2016 (11:28 IST)
കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു പൊന്നിന്‍ ചിങ്ങം കൂടി പിറന്നിരിക്കുകയാണ്. കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങം. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ്ണ നിറമുള്ള പ്രതീക്ഷകള്‍. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയും ഒരുങ്ങുകയാണ്.
 
എന്നാൽ, കർഷകർക്ക് പ്രതീക്ഷകൾ നൽകേണ്ട ഈ ചിങ്ങ മാസം കാത്തുവെച്ചിരിക്കുന്നതെന്ത്?. കാലവർഷം വേണ്ട രീതിയിൽ കനിഞ്ഞില്ല, കർഷകർ ധർമസങ്കടത്തിലാണ്. സ്വർണം വിളയിക്കേണ്ട മണ്ണിൽ കർഷകരുടെ കണ്ണുനീരാണ് വീഴുന്നത്. കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങ മാസത്തിൽ കാലവർഷം ചെയ്ത കൊടുംക്രൂരതയോർത്ത് തേങ്ങുകയാണ് കർഷകർ. 
 
സംസ്ഥാനത്ത് ലഭ്യമാവേണ്ട മഴയുടെ 27 ശതമാനം കുറവ് മഴയാണ് ഈ വര്‍ഷം ഇതുവരെ ലഭിച്ചത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 10 വരെ ലഭിക്കേണ്ടിയിരുന്ന മഴ 1536 മില്ലി മീറ്റര്‍ ആണ്. എന്നാല്‍, ലഭ്യമായത് 1120 മില്ലിലിറ്ററും. മണ്‍സൂണ്‍ സീസണില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദം രൂപപ്പെടാറുണ്ട്. ഇത് കനത്ത മഴക്ക് സഹായകരമായിരുന്നു. എന്നാല്‍, ഇക്കുറി ഇത് കുറവാണ്. കേരളത്തിലെ പ്രധാന കൃഷിക്കാലമായ മുണ്ടകന്‍ കൃഷിയെയാണ് (ഒന്നാംവിള) മഴയുടെ കുറവ് ഗണ്യമായി ബാധിച്ചിട്ടുള്ളത്. നെല്ല അടക്കുമുള്ള വിളകളെ ഇത് സാരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
 
ചിങ്ങമാസത്തിന്റെ തുടക്കത്തില്‍ നിലമൊരുക്കേണ്ട മുണ്ടകന്‍ കൃഷിക്ക് വെള്ളം കുറവായതിനാല്‍ നിലമുഴുതു മറിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. ശരിയായ രീതിയിൽ വെള്ളം ലഭ്യമായില്ലെങ്കിൽ കൃഷി ഇറക്കാൻ പോലും കഴിയാതെ വരും. വിളവെടുപ്പിന്റെ കാലമാണിത്. എന്നാൽ വിളവിറക്കിയാൽ മാത്രമല്ലേ കൊയ്യാൻ കഴിയുകയുള്ളു. ചിങ്ങം തുടങ്ങി കുറച്ചുനാള്‍ കഴിയുമ്പോഴാണ് വിളവെടുപ്പിനൊരുങ്ങുക. നെല്‍ക്കതിരുകള്‍ വിളവെടുപ്പിനൊരുങ്ങുന്ന കാലമാണിത്. എന്നാല്‍, മഴയുടെ കുറവ് നെല്‍ക്കതിരുകള്‍ പാകമാവുന്നതിനെയും ബാധിക്കുന്നുണ്ട്.
 
മഴയില്ലെങ്കിൽ കതിരുകളെല്ലാം പതിരുകളാവുമെന്നാണ് കര്‍ഷകരുടെ ആശങ്ക. ഇങ്ങനെ സംഭവിച്ചാല്‍  പുന്നെല്ലരി വിളവെടുത്ത് ഓണമുണ്ണാന്‍ കാത്തിരിക്കുന്ന മലയാളിക്ക് നിരാശനാവേണ്ടി വരും. കാലാവസ്ഥാ വ്യതിയാനവും എല്‍നിനോ പോലുള്ള പ്രതിഭാസങ്ങളുമാണ് ഇത്തവണ മഴകുറയാന്‍ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. നെല്‍കര്‍ഷകരോടൊപ്പം മഴയുടെ ലഭ്യതക്കുറവ്  പച്ചക്കറി കര്‍ഷകരെയും സാരമായി ബാധിക്കുന്നുണ്ട്.
Next Article