കോട്ടയത്ത് നാലുവയസുകാന്‍ കഴിച്ച ചോക്ലേറ്റിലെ ലഹരി ആരോപണം തള്ളി പോലീസ്. കഴിഞ്ഞമാസം 17ാം തിയതിയാണ് സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ കുട്ടി അബോധാവസ്ഥയിലായത്. ആദ്യം മെഡിക്കല്‍ കോളേജിലെ ഐസിഎച്ചില്‍ കാണിക്കുകയും വീണ്ടും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ രാസവസ്തുവിന്റെ അംശം കണ്ടെത്തുകയായിരുന്നു.
ചോക്ലേറ്റില്‍ നിന്നാണ് കുട്ടിയുടെ ശരീരത്തില്‍ രാസവസ്തു പ്രവേശിച്ചതെന്നായിരുന്നു ആരോപണം. എന്നാല്‍ ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്നിന്റെ ഫലമായാണ് കുട്ടിയുടെ ശരീരത്തില്‍ ബെന്‍സോഡായസിപിന്‍ രൂപപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ വച്ച് കുട്ടിക്ക് എംആര്‍ഐ സ്‌കാന്‍ നടത്തിയിരുന്നു. അതിനുമുമ്പ് സാധാരണയായി ഈ മരുന്ന് നല്‍കാറുണ്ട്. ഇത് കണ്ടതിനെയാണ് രാസ ലഹരിപദാര്‍ത്ഥം എന്ന് പറഞ്ഞ് മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചതെന്ന് പോലീസ് പറയുന്നു.