കറുകുറ്റി അപകടം: പാളം അറ്റകുറ്റപ്പണിയില്‍ റെയില്‍വെയുടെ വീഴ്ചയെന്ന് പ്രാഥമിക നിഗമനം

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (10:02 IST)
അങ്കമാലിക്കടുത്ത് കറുകുറ്റിയിലുണ്ടായ തീവണ്ടി അപകടത്തിന് ഇടയാക്കിയത് പാളം അറ്റകുറ്റപ്പണിയിലെ പിഴവെന്ന് നിഗമനം. അപകടത്തിന് കാരണമായ റെയില്‍ പാളം മാറ്റിസ്ഥാപിക്കാന്‍ ഈ മാസം 10ന് തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് അപകടത്തിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ രാജു ഫ്രാന്‍സിസ് രേഖാമൂലം അധികൃതരെ അറിയിച്ചിരുന്നു. 
 
എന്നാല്‍ പുതിയ പാളങ്ങള്‍ ആവശ്യത്തിന് ഇല്ലെന്ന് ചൂണ്ടിക്കാട്ടി നടപടി ഉണ്ടായില്ല. തുടര്‍ന്ന് അടുത്ത ദിവസം മറ്റൊരു റിപ്പോര്‍ട്ട് കൂടി നല്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില മേഖലകളിലെ പാളങ്ങള്‍ മാത്രമാണ് മാറ്റിയത്. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് റെയില്‍വേ എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
 
സസ്‌പെന്‍‍റ് ചെയ്യപ്പെട്ട സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ രാജു ഫ്രാന്‍സിസിനായിരുന്നു  കറുകുറ്റി ഉള്‍പ്പെടുന്ന മേഖലയില്‍ പരിശോധനാ ചുമതല. കറുകുറ്റിയിലെ ഉള്‍പ്പെടെ 120 സ്ഥലങ്ങളില്‍ പാളത്തിന് ഗുരുതരമായ തകരാര്‍ ഉണ്ടെന്ന് രാജു ഫ്രാന്‍സിസ്, അസിസ്റ്റന്റ് ‍ഡിവിഷണ്‍ എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്ന് പാളങ്ങളില്‍ മിനുക്ക് പണികള്‍ മാത്രമാണ് നടത്തിയതെന്നും എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. 
Next Article