കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ജാതി വിവേചനം: അധ്യാപികയോട് അവധിയിൽ പ്രവേശിക്കാൻ വി സി - അന്വേഷണത്തിന് നിര്‍ദേശം

മെര്‍ലിന്‍ സാമുവല്‍

വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (19:50 IST)
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ജാതി വിവേചനത്തില്‍ വിവാദത്തിലായ അധ്യാപികയ്‌ക്ക് എതിരെ നടപടി വന്നേക്കും. അധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വൈസ് ചാൻസലർ നിര്‍ദേശം നല്‍കി.

സമാനമായ ആരോപണം നേരിടുന്ന മലയാളം വിഭാഗം മേധാവിയോടും അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാതി വിവേചനത്തിൽ ഡോ. ഷംസാദ് ഹുസൈന്റെ നേതൃത്വത്തിൽ സിൻഡിക്കറ്റ് നിയോഗിച്ച സമിതി അന്വേഷണം നടത്തും.

അധ്യാപകരില്‍ ചിലരുടെ ഭാഗത്ത് നിന്നും കടുത്ത ജാതി വിവേചനം ഉണ്ടാകുന്നുവെന്ന് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് അന്വേഷണം നടക്കുക. തുടര്‍ന്നാകും അധ്യാപകര്‍ക്ക് എതിരെ നടപടി സ്വീകരിക്കുക.

വിഷയത്തില്‍ വൈസ് ചാൻസലർ ഇടപെട്ടതോടെ വിദ്യാർഥികള്‍ സമരം അവസാനിപ്പിച്ചു. ഇതിനിടെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിനു മുന്നിൽ രാവിലെ മുതൽ സമരം നടത്തുന്ന എസ്എഫ്ഐ പ്രവർത്തകർ വി സി യുടെ ചേംബറിലേക്ക് ഇരച്ചു കയറിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍