തലസ്ഥാനത്തുണ്ടായ ക്വാറി അപകടത്തില്‍ രണ്ടു മരണം. നെയ്യാറ്റിൻകരക്കു സമീപം മാരായിമുട്ടത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയിലാണ് ദുരന്തമുണ്ടായത്. രാവിലെ ജോലി തുടങ്ങുന്നതിനു മുമ്പായിരുന്നു അപകറ്റം നടന്നത്. പാറയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് സൂചന.
ക്വാറിയിലെ ജോലിക്കാരും വാഹനങ്ങളുമെല്ലാം താഴെനില്‍ക്കെയാണ് അവരുടെ മുകളിലേക്ക് പാറയുടെ ഒരുഭാഗം അടര്‍ന്നു വീണത്. മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ വാഹനമോടിച്ചിരുന്ന തമിഴ്‌നാട് സേലം സ്വദേശിയായ സതീഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചിലരെ നെയ്യാറ്റിൻക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. എഴുപത്തിയഞ്ചോളം അടി ഉയരത്തിൽനിന്നാണ് പാറ പൊട്ടിവീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസും ഫയര്‍ ഫോഴ്‌സുമെല്ലാം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, അപകടത്തില്‍ പരുക്കേറ്റ എല്ലാവര്‍ക്കും എല്ലാവിധ ശസ്ത്രക്രിയ ഇന്‍പ്ലാന്റും പരിശോധനകളും സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.