സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചേക്കും. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നല്‍കിയ ഉറപ്പിന്മേലാണ് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചത്. ബസ്സുടമകള്‍ 12 രൂപ മിനിമം ചാര്‍ജ് എന്ന് വാദിക്കുന്നുണ്ടെങ്കിലും 10 രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികളുടെ കണ്‍സെഷനും കൂട്ടിയേക്കും. നിലവില്‍ മിനിമം ചാര്‍ജ് എട്ട് രൂപയാണ്.