പോലീസ് സേനയിലെ 744 പേര് ക്രിമിനൽ കേസിലെ പ്രതികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിലെ 744 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികളെന്ന് റിപ്പോർട്ട്. ഇതിനൊപ്പം കേസുകളിൽ പ്രതിയായി സേനയിൽ നിന്ന് കഴിഞ്ഞ പത്ത് വർഷത്തിനിടെ പിരിച്ചു വിടപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 18 എണ്ണമാണ്.
സംസ്ഥാനത്തെ പോലീസ് സേനയുമായി ബന്ധപ്പെട്ട കണക്കുകളിലാണ് ഇത് പറയുന്നത്. ക്രിമിനൽ കേസിൽ പെട്ടവർ സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെടും. പിരിച്ചു വിടപ്പെട്ടവരുടെ കണക്ക് പോലീസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ കോടതി കുറ്റക്കാരായി കണ്ടെത്തിയ ശേഷം പിരിച്ചുവിടപ്പെട്ടവരുടെ കണക്ക് മാത്രമാണിത്.
പിരിച്ചുവിടപ്പെട്ടവരുടെ പട്ടികയിൽ ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ ഡി.വൈ.എസ്.പി യും രണ്ട് പോലീസുകാരും മുതൽ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പോലീസുകാരും ഉണ്ട്. നിലവിലെ നിയമം അനുസരിച്ചു ഗുരുതര കൃത്യവിലോപം കണ്ടെത്തിയ എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥരെ റേഞ്ച് ഐ.ജി മാർക്ക് പിരിച്ചുവിടാൻ അധികാരമുണ്ട്. ഇത്തരത്തിൽ പിരിച്ചുവിടപ്പെട്ടവരെ കൂടി കണക്കിലെടുത്താൽ എണ്ണം ഇനിയും കൂടും. നിലവിൽ സേനയിൽ വകുപ്പ് തല അന്വേഷണം നടക്കുന്ന 691 പേരാണുള്ളത്.