ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പോലീസിൽ പരാതി നൽകിയ ശേഷം വീട്ടിലെത്തി യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ആലുവ ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടി. സി.ഐയെ സ്റ്റേഷൻ ചുമതലകളിൽനിന്ന് നീക്കി. ആലുവ എടയപ്പുറത്ത് മൊഫിയ പർവീൺ (23)ആണ് ആത്മഹത്യ ചെയ്തത്. സി.ഐക്കെതിരേ നടപടി വേണമെന്ന് ആത്മഹത്യ കുറിപ്പിൽ യുവതി ആവശ്യപ്പെട്ടിരുന്നു.പിന്നാലെയാണ് നടപടി. മൊഫിയ പർവീണിന്റെ ആത്മഹത്യ ആലുവ ഡിവൈ.എസ്.പി. അന്വേഷിക്കും.
സ്റ്റേഷനിൽനിന്ന് വന്ന തിരിച്ചുവന്നപ്പോൾ, നമുക്ക് നീതി കിട്ടുന്നില്ലല്ലോ പപ്പാ എന്നാണ് മകൾ പറഞ്ഞത്. നീതി കിട്ടുമെന്ന് ഞാൻ പറഞ്ഞപ്പോൾ സി.ഐ. ഞങ്ങളുടെ മുമ്പിൽ വെച്ച് ഇങ്ങനെ സംസാരിക്കില്ലല്ലോ എന്നാണ് അവൾ പറഞ്ഞത്. പോലീസിന്റെ ഭാഗത്ത് നിന്ന് അല്പം കരുണയാണ് വേണ്ടിയിരുന്നത്. കരുണ കിട്ടിയിരുന്നെങ്കിൽ മകൾ ആത്മഹത്യ ചെയ്യില്ലായിരുന്നു. ഇർഷാദ് പറഞ്ഞു.